കോതമംഗലം: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന അഡ്വ. റസൽ ജോയിയുടെ നേതൃത്വത്തിൽ വിവിധ നേതാക്കൾ മന്ത്രി മോൻസ് ജോസഫിനെ കണ്ട് ആവശ്യം ഉന്നയിച്ചു. ഇടുക്കി പൈനാവ് ഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയം അവലോകനം ചെയ്തു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഏതറ്റം വരെ പോകുമെന്നും കേന്ദ്ര സർക്കാരിലും സുപ്രീംകോടതിയിലും കേരളത്തിന്റെ ആവശ്യം കൃത്യമായി അറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായും നേതാക്കൾ പറഞ്ഞു. തന്നാലാകുന്ന നിയമസഹായങ്ങൾ കേരള സർക്കാരിനു ചെയ്യുമെന്നും അഡ്വ. റസൽ ജോയി അറിയിച്ചു. ഇതുവരെയുള്ള കേസിന്റെ നിജസ്ഥിതി അടങ്ങുന്ന എല്ലാ രേഖകളും മന്ത്രിക്കു കൈമാറി.
പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്നു ജനസംരക്ഷണ സമിതി
കോതമംഗലം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കണമെന്ന് ജനസംരക്ഷണ സമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ എംഎൽഎമാരുടെയും രാഷ്ട്രീയപാർട്ടികളുടെയും നിലപാട് വ്യക്തമാക്കാൻ സമ്മേളനം അനിവാര്യമാണ്.
കേരള നിയമസഭയിലോ മന്ത്രിസഭയിലോ അവതരിപ്പിക്കാതെ 1970ൽ തമിഴ്നാടിന് പാട്ടക്കരാർ പുതുക്കിനൽകിയത് റദ്ദാക്കണം. പുതുക്കിയ പാട്ടകരാറിനു നിയമപ്രാബല്യമില്ലെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.